മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്തു പെരുമ്പറമ്പ് എന്ന സ്ഥലത്താണ് വളരെ പുരാതനമായ ഈ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവനെ കൂടാതെ ഗണപതി, ദക്ഷിണാമൂർത്തി ,അയ്യപ്പൻ, നവഗ്രഹങ്ങൾ , സർപ്പം തുടങ്ങിയ ഉപ പ്രതിഷ്ഠകളുമുണ്ട്.
വളരെ പൊക്കമേറിയ ശ്രീകോവിലാണിവിടുത്തേത്. ശ്രീകോവിലിന്റെ കല്ലിൽ തീർത്ത അടിത്തറ പോലും ആറടിയോടം പൊക്കത്തിലാണ്. മറ്റു ശിവക്ഷേത്രങ്ങളിലേതുപോലെതന്നെ ഇവിടെയും ശിവലിംഗ പ്രതിഷ്ഠയാണ്. പടിഞ്ഞാറോട്ട് ദർശനമായാണ് ഇവിടെ ശിവപ്രതിഷ്ഠ. പടിഞ്ഞാറോട്ട് ദർശനം വരുന്ന ശിവപ്രതിഷ്ഠകൾക്ക് ഉഗ്രഭാവം കൂടുമെന്നാണ് സങ്കല്പം. പഞ്ചലോഹവിഗ്രഹവും പൂജയ്ക്കു വെക്കാറുണ്ട്.പെരുമ്പറമ്പ് ശിവക്ഷേത്രത്തിലെ ക്ഷേത്ര ശ്രീകോവിലിന് മുന്നിലായി പ്രധാന ചുറ്റമ്പല വാതിൽ ക്ഷേത്രേശന്റെ ധ്യാനശ്ലോക വിധിപ്രകാരം പ്ലാവിൽ നിർമിച്ചതാണ്. അഞ്ചടിവീതിയും ഒമ്പതര അടി ഉയരവും രണ്ടിഞ്ച് കനവുമുള്ള വാതിലിൽ ചിന്താമണി, അഘോരൻ, അനാഹിതചക്രശിവൻ, ദക്ഷിണാമൂർത്തി, മൃത്യുഞ്ജയൻ, ത്വരിത രുദ്രൻ എന്നീ ശിവഭാവങ്ങൾ മനോഹരമായി കൊത്തിവെച്ചിരിക്കുന്നു. സൂത്രപ്പട്ടികയിൽ ഗണപതി, ലക്ഷ്മി എന്നിവരുടെ രൂപങ്ങളുമുണ്ട്.